Skip to content

കില അഗളി പ്രാദേശീക കേന്ദ്രത്തിൽ ജലപരിശോധന ലാബിന്റെ പ്രവർത്തനം ആരംഭിച്ചു.

കില അഗളി പ്രാദേശീക കേന്ദ്രത്തിൽ ജലപരിശോധന ലാബിന്റെ പ്രവർത്തനം ആരംഭിച്ചു.

ഭവാനി ശിരുവാണി വരഗാർ  എന്നീ പുഴകളും അതിന്റെ കൈവഴികളായ ചെറു അരുവികളുമാണ് അട്ടപ്പാടിയിലെ ബഹു ഭൂരിപക്ഷം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.  ഇതിനു പുറമെ കിണറുകളും, കുഴൽ കിണറുകളും ജല സ്രോതസ്സുകളായി ഉപയോഗപ്പെടുത്തുന്നുണ്ട്.  എന്നാൽ ഈ ശ്രോതസ്സുകളിൽ ജല ജന്യ രോഗങ്ങൾക്ക് കാരണമാകുന്ന രോഗാണുക്കളുടെ സാന്നിധ്യം ക്രമാതീതമാണെന്നു വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  മഞ്ഞപിത്തം, വയറിളക്ക രോഗങ്ങൾ, ടൈഫോയിഡ് തുടങ്ങി വിവിധ ജലജന്യ രോഗങ്ങൾ അട്ടപ്പാടിയിൽ സാധാരണമായതും ഇതിനാൽ തന്നെയാണ്.  കൂടാതെ സുരക്ഷിതമെന്ന് വിശ്വസിക്കുന്ന കിണറുകളിലെയും കുഴൽ കിണറുകളിലെയും വെള്ളം പോലും ഇന്ന് മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.  വിവിധ ധാതു ലവണങ്ങൾ ലയിച്ചു ചേരുന്നതും ഇവിടത്തെ വെള്ളത്തിന്റെ ശുദ്ധതയെ ബാധിക്കുന്നുണ്ട്.  കുടിവെള്ള ടാപ്പുകളിൽ പറ്റിപ്പിടിച്ചു വളരുന്ന പായൽ ജല മലിനീകരണത്തിന് മറ്റൊരു കാരണമാണ്.  കുടിവെള്ള സംവിധാനത്തിന്റെ അരികിൽ കൂടി അഴുക്കുചാലുകൾ ഒഴുകുന്നതും പൈപ്പ്, കിണർ, ജല സംഭരണി എന്നിവക്കരികിൽ കക്കൂസ് കുഴികൾ നിർമിക്കുന്നതും ജല മലിനീകരണത്തിന് കാരണമാകുന്നുണ്ട്,

ഇവയിൽ നിന്നെല്ലാം മനുഷ്യ ശരീരത്തിലേക്ക് കടന്നു വരുന്ന നഗ്ന നേത്രങ്ങൾ കൊണ്ട് സാന്നിധ്യം തിരിച്ചറിയാൻ കഴിയാത്ത ജലത്തിലെ സൂക്ഷ്മാണുക്കളാണ് വിവിധ രോഗങ്ങൾക്ക് കാരണമാകുന്നത്.  ഇവയെ പ്രതിരോധിക്കാനും ജലത്തിൽ മാലിന്യങ്ങൾ കലർന്നിട്ടുണ്ടോ എന്നറിയാനും ശാസ്ത്രീയമായ പരിശോധനകൾ ആവശ്യമാണ്.  ഇത്തരം ശാസ്ത്രീയ പരിശോധനകൾ ജലത്തിന്റെ ഗുണമേന്മ മനസ്സിലാക്കുന്നതിനും കുടിവെള്ള യോഗ്യത കണ്ടെത്തുന്നതിനും സഹായിക്കുന്നു.

നിശ്ചിത ഇടവേളകളിൽ ജല ശ്രോതസ്സുകളിൽ നിന്നും എടുക്കുന്ന വെള്ളം  പരിശോധന നടത്തി  അതിലെ ഘടകങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് നൽകുന്നതിനുള്ള സംവിധാനം കില ഒരുക്കിയിട്ടുണ്ട്.  ഇതിനായി ഒരു കെമിസ്റ്റ്, ഒരു മൈക്രോ ബയോളജിസ്റ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്.  കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ അംഗീകാരവും സി ഗ്രേഡ് സർട്ടിഫിക്കറ്റും ഈ ലാബിനു ലഭിച്ചിട്ടുണ്ട്.  സർക്കാർ സംവിധാനങ്ങൾക്ക് പൂർണ്ണമായും സൗജന്യമായാണ് ജല പരിശോധന നടത്തി റിപ്പോർട്ട് നൽകുക.  സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ അംഗീകരിച്ച  ഫീസ് ഈടാക്കിയായിരിക്കും പരിശോധന നടത്തുക. ജലപരിശോധനയ്ക്കും അവയിൽ സ്വാഭാവികമായി അടങ്ങിയിരിക്കേണ്ട ഘടകങ്ങളുടെ അളവുകളും ഉൾക്കൊള്ളിച്ചുകൊണ്ട് ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS)  തയ്യാറാക്കിയ മാർഗരേഖ അനുസരിച്ചായിരിക്കും ഇവിടത്തെ പ്രവർത്തനങ്ങൾ.  ഈ മാർഗ്ഗരേഖയിൽ പറയുന്ന പതിനഞ്ചു ഘടകങ്ങളായിരിക്കും ഇവിടെ പരിശോധനക്ക് വിധേയമാക്കുക.

 

 

#പരിശോധന ഘടകംസ്വീകാര്യമായ പരിധി
1പി എച്ച്6.5-8.5
2രുചിAgreeable
3ഗന്ധംAgreeable
4കലക്കൽ1NTU
5EC
6ആകെ ലയിച്ചു ചേർന്ന ഖര വസ്തുക്കൾ (TDS)500ppm
7ക്ഷാരത്വം200mg/L
8ക്ലോറൈഡ്250mg/L
9കാഠിന്യം (as CaCO3)200 mg/L
10കാൽസ്യം75 mg/L
11മഗ്നീഷ്യം30 mg/L
12ഫ്ലൂറൈഡ്1.0 mg/L
13അയൺ0.3  mg/L
14ആകെ കോളിഫോം

 

ഒരു 100  മില്ലി സാമ്പിളിലും സാന്നിധ്യം ഇല്ലാതിരിക്കണം
15ഇ-കോളിഒരു 100  മില്ലി സാമ്പിളിലും സാന്നിധ്യം ഇല്ലാതിരിക്കണം

 

Back To Top
Translate »